എന്റെ സ്വപ്നങ്ങൾ,
രാത്രിമഴയിലലയുന്ന മിന്നാമിന്നികളാണ്...
ഇരുളും വെള്ളിവെളിച്ചവും,
മഴനാരുകളിൽ തൂവിയൂർന്ന പോലെ..
ഈ മഴയേടുകൾ,
എന്നിലെ പ്രണയ,കാമത്തിരകളാണ്..
എത്രമേൽ ഇതളുകൾ മറിച്ചാലും,
അടങ്ങാത്ത ദാഹമായ്,
കവിൾത്തടം തഴുകുന്ന
കണ്ണീരരുവിയാണ്..
എന്റെ സ്വപ്നങ്ങൾ,
തീവ്രരാഗത്തിൽ ചാലിച്ചവ..
ആർദ്ദ്രതയും തീഷ്ണതയും,
പ്രണയത്താൽ നെയ്തെടുത്തവ..
നെഞ്ചൊട്ടിക്കിടക്കുമ്പോൾ,
പൊട്ടിക്കരയുവാനുള്ള തേക്കവും;
രതിനൃത്തമാടുമ്പോൾ,
മൃതിയെ പുൽകുവാനുള്ള തിടുക്കവും,
എന്റെ സ്വപ്നത്തിലെ
നിലവിരവുകൾ...
എന്റെ സ്വപ്നങ്ങൾ,
വേദനയുടെ നീർക്കയങ്ങളിൽ
ഉയിർപ്പെട്ട നെടുവീർപ്പുകൾ..
എന്നിൽനിന്നും,
ഇന്നലേകളിലേക്കു നടന്നകന്ന
കാലടികളിൽ,
വിരഹത്തിന്റെ തിണർത്ത പാടുകൾ...
നിലയറ്റ ഹൃദയത്തിൽ,
ഇന്നും നിലയ്ക്കാത്ത ദീനരോദനങ്ങൾ,
നിണമണിഞ്ഞ തേങ്ങലുകൾ..
എന്റെ സ്വപ്നങ്ങൾ,
പുലരി മൃതികവാടം തുറന്ന താരകൾ..
പുനർജ്ജനി നേടിയ നീഹാരബിന്ദുക്കൾ...
ഇന്നെന്റെ സ്വപ്നം..
ഈ സ്വപ്നങ്ങളിൽ,
സ്വയം മറക്കുവാൻ..
നിറഭേദങ്ങളറിയുവാൻ..
ഒരിക്കലും,
ഉണരാതിരിക്കുവാൻ.....
Josh..
Subscribe to:
Post Comments (Atom)
No comments:
Post a Comment